കൊച്ചി: ടോറസ് വാഹനങ്ങള്‍ക്കു ദേശീയപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സമഗ്രമായ പ്രവര്‍ത്തന നടപടിക്രമങ്ങൾക്കു (എസ്ഒപി) രൂപം നല്‍കണമെന്ന് ഹൈക്കോടതി.
എസ്ഒപി രണ്ടാഴ്ചയ്ക്കകം തുടര്നപടികള്ക്കുമായി കോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സംസ്ഥാനസര്‍ക്കാരിനും ദേശീയപാത അഥോറിറ്റിക്കും നിര്‍ദേശം നല്കി.
അനുവദനീയമായതിനേക്കാള്‍ കൂടിയ അളവില്‍ പാറ ഉത്പനങ്ങളടക്കം കയറ്റി ദേശീയപാതയില്‍ പ്രവേശിക്കുന്ന ടോറസ് ലോറിയടക്കം വാഹനങ്ങള്‍ അപകടങ്ങള്‍ക്കും റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ നേര്‍ക്കാഴ്ച അസോസിയേഷൻ ഡയറക്ടര്‍ പി.ബി. സതീശന് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
വ്യാപകമായി നികുതിവെട്ടിപ്പും ഇതിലൂടെ നടത്തുന്നുണ്ടെന്നും ഹർജിക്കാരന് ആരോപിക്കുന്നു.